Blog

ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച കവികളിൽ ഒരാൾ ആയിരുന്ന പാബ്ലോ നെരൂദ ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ജനിച്ചു. സ്കൂൾ ജീവിതത്തിൽ തന്നെ ശ്രദ്ധേയനായി മാറിയ കവി  തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു. 'ഇരുപതു പ്രണയ കവിതകളും ഒരു നൈരാശ്യ  ഗീതവും' (Twenty Love Poems and a Song of  Despair) എന്ന ആദ്യ കാല കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു. മൂന്നു ഭാഗങ്ങളിലായി  പലപ്പോഴായി സ്പാനിഷിൽ പ്രസിദ്ധം ചെയ്ത ''Residence on Earth' അദ്ദേഹത്തെ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനാക്കി. നെരൂദയുടെ രചനകൾ പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു വെളിപ്പെടുത്തുന്നതായിരുന്നു. അതുപോലെ തന്നെ അവ കവിയുടെ സാമൂഹിക ഇടപെടലുകളും ആയിരുന്നു. 231 കവിതകളുടെ സമാഹാരമായ "Canto General" ("General Song"), സ്പാനിഷ് അമേരിക്കൻ ഭൂമികയെ സമഗ്രതയോടെ പ്രതിപാദിക്കുന്നു. വായനക്കാരിൽ രാഷ്ട്രീയ പരിണാമത്തിനു വിത്തു വിതയ്ക്കുന്ന നിലപാടിൽ നിന്നും സാധാരണക്കാരായ വായനക്കാരോടു അവർക്കു മനസ്സിലാകുന്ന തരത്തിൽ എന്തും സംവദിക്കുന്ന നിലപാടിലേക്ക് അദ്ദേഹത്തിന്റെ പിൽക്കാല രചനകൾ പരിണമിക്കുകയുണ്ടായി. ഫ്രാൻ‌സിൽ ചിലിയൻ അംബാസഡർ ആയി വർത്തിണക്കുന്ന കാലത്താണ് അദ്ദേഹം നൊബേൽ  സമ്മാനിതനാവുന്നത്. അതിനായി അദ്ദേഹത്തിന്റെ മുഴുവൻ രചനകളും സമഗ്രമായി പരിഗണിച്ചിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ കലാ-സാഹിത്യ രംഗങ്ങളിൽ ഉയർന്നു വന്ന കാല്പനിക പ്രസ്ഥാനം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയുടെ 'ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ കുത്തൊഴുക്കിനു' പ്രാമുഖ്യം നൽകി. പുറമെ നിന്നുള്ള നിയന്ത്രണങ്ങൾക്ക് അതീതമായിരിക്കണം കലാ-സാഹിത്യ പ്രവർത്തനം എന്ന് ഇതിന്റെ പ്രണേതാക്കൾ വാദിച്ചു. ഈ ചിന്താധരണിയിൽ, ഫ്രഞ്ച് വിപ്ലവത്തിനുള്ള പങ്കും, പുരോഗമന ആശയങ്ങളോടുള്ള അഭിനിവേശവും, ദേശീയതയും പൊതുവെ കാണാൻ കഴിയും. റിയലിസത്തിന്റെ ആവിർഭാവത്തോടെ കാല്പനികതയ്ക്കു ഭാഗീകമായി തിരശ്ശീല വീണു.

മനുഷ്യരെ ഒന്നിപ്പിക്കുന്നത് എന്താണ്? തീർച്ചയായും മതങ്ങളല്ല. ഓരോ മതവും വിളംബരം ചെയ്യുന്നു, അതു മാത്രമാണ്  ശരി. രാഷ്ട്ര മീമാംസകളോ, പ്രത്യയ ശാസ്ത്രങ്ങളോ അല്ല. വാണിജ്യ വൽക്കരിക്ക പ്പെടുന്ന കായിക വിനോദങ്ങളും അല്ല. ഏറെക്കുറെ ആ ധർമ്മം അനുഷ്ഠിക്കുന്നത് കലയും സാഹിത്യവുമാണ്. സ്വതന്ത്രമായി പരിലസിക്കുന്ന കലയും സാഹിത്യവും മനുഷ്യരെ ഒന്നിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യരെ പ്രകൃതിയുമായി കൂടുതൽ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നു. അതുകൊണ്ടു തന്നെ കലയ്ക്കും സാഹിത്യത്തിനും ഇടമില്ലാത്ത സമൂഹത്തിൽ വിഭാഗീയത കൂടുതൽ ആയിരിക്കും. അത്തരം സമൂഹങ്ങൾ ജീർണ്ണതയിലേക്കു വളരെ വേഗം കൂപ്പുകുത്തും. ഇവിടെയാണ് കലയ്ക്കും സാഹിത്യത്തിനും ചങ്ങലകൾ ഇടുന്നതിന്റെ പ്രസക്തി പ്രത്യക്ഷമാകുന്നത്. ബാഹ്യ ശക്തികൾ കലയ്ക്കും സാഹിത്യത്തിനും വില ക്കുകൾ ഏർപ്പെടുത്തുമ്പോൾ, സ്വതന്ത്രമായി വ്യവഹരിക്കാൻ അവയെ  അനുവദിക്കാതെ വരുമ്പോൾ 'മനുഷ്യരെ ഒന്നിക്കുക', 'മനുഷ്യരെ പ്രകൃതിയുമായി ഇണക്കുക' എന്നീ  കർത്തവ്യങ്ങൾ അവയ്ക്കു നിറവേറ്റാൻ  കഴിയാതെ വരുന്നു. എവിടെ കലയ്ക്കും സാഹിത്യത്തിനും വിലക്കു വീഴുന്നുവോ, അവിടെ സമൂഹം ജീർണ്ണിക്കുവാൻ തുടങ്ങി എന്നു നിസ്സംശയം നിരൂപിക്കാം. അതു തിരുത്തൽ നടപടികൾക്കുള്ള കാലമായി എന്നതിന്റെ സൂചനയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോളും ഇതു തന്നെ ആണ് സംഭവിക്കുന്നത്. പൊതു വേദികളിൽ അഭിപ്രായവുമായി എത്തുന്ന വ്യക്തികളെ കരി ഓയിലിൽ കുളിപ്പിച്ചെടുക്കുക. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാതെ, വ്യക്തി ഹത്യ യ്ക്കു പുറപ്പെടുന്നത്, ദാരിദ്ര്യത്തിന്റെ ലക്ഷണമാണ് - ആശയ ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്. അതൊരു ആക്രമണ നയം എന്നതിലുപരി പൊള്ളയായ തലയുടെ ലക്ഷണമാണ്. ഇതൊരു സൂചികയാണ് - സാമൂഹിക ജീർണ്ണതയുടെ!-

ജീവിതം മരിക്കാനുള്ളതല്ല. മറിച്ചു രമിക്കാൻ മാത്ര മുള്ളതുമല്ല. അനന്തതയിലെന്നോ തുടങ്ങിയ ജീവന്റ യാത്രയിൽ, വർത്തമാന കാലത്തെ അതിന്റെ പൂർണതയിൽ ഭാവിയിലേക്ക് ലയിപ്പിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ളതാണ്‌  ജീവിതം. ഈ ഉത്തരവാദിത്തം ഓർമിപ്പിക്കലാണ്  സാഹിത്യം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നതും.  ജീവിതം വെല്ലുവിളികളുടെ കേദാരമാണ് . വെല്ലുവിളികളെ നേരിടുമ്പോൾ സഹജീവികളെയും പ്രകൃതിയെപ്പോലും മറക്കുക സഹജമാണ്. അത്തരം മറവിലൂന്നിയ ജീവിത സമരങ്ങൾ വ്യക്തിപരമായ വിജയങ്ങൾ ഒരു പക്ഷേ ഉണ്ടാക്കുമെങ്കിലും, സമൂഹം ഒരു പടി പരാജയത്തിലേക്ക് താഴും. അത് ഭാവി വ്യക്തികളുടെ ജീവിതത്തെ ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ എല്ലാവർക്കും വിജയിക്കാൻ കഴിയുന്ന സമരങ്ങളല്ലേ ഉത്തമം?

'ആവിഷ്കാര സ്വാതന്ത്ര്യം' നമ്മുടെ ആവശ്യത്തിനും സൗകര്യത്തിനും വേണ്ടി ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു ആയുധമാണ് . ആവിഷ്കരിക്കുന്നതിന്റ ലക്‌ഷ്യം വിപണിയിലെ ചാകരയാകുമ്പോൾ നഷ്ടപ്പെടുന്നത് സൃഷ്ടിയുടെ നൈർമല്യമാണ് . സമൂഹത്തിന്റെ സകല ചലനങ്ങ ളെയും നിയന്ത്രിക്കുന്നത്‌ വിപണിയാകുമ്പോൾ, സർഗാത്മകതയും ആ വഴിക്ക് പോകുന്നതിൽ അമ്പരക്കാൻ വകയില്ല. മലിന ലക്ഷ്യങ്ങളോടെ സൃഷ്ടി നടത്തുമ്പോൾ പ്രകടമാകുന്നത് മത വൈരവും, രാഷ്ട്രീയ വൈരവും, വ്യക്തി വൈരവും ഒക്കെയാണ്. സർഗാത്മകതയുടെ പച്ചപ്പുകൾ ഇടക്ക് പ്രത്യക്ഷപ്പെട്ടാലും, നിഗൂഡമായ അസൂയയുടെയും, അസഹിഷ്ണുതയുടെയും മുള്ളുകൾ പൊന്തിവരുന്നത് ഇത്തരം സൃഷ്ടികളിൽ പതിവാണ്. അത് ചിലര്ക്ക് വേദന സമ്മാനിക്ക്ന്നതു കൊണ്ട് തന്നെ മറ്റു ചിലർക്ക് സന്തോഷം പ്രദാനം ചെയുന്നു. ആവിഷ്കരിക്കുന്നവൻ രാഷ്ട്രീയ-മത-ജാതി-വര്ഗീയ ചിന്താ ധാരകൾക്കോ, അത്തരം നേതൃത്വത്തിനോ സ്വന്തം ധിഷണിയും ചിന്തയും പണയം വയ്ക്കുമ്പോൾ, അവനിൽ/അവളിൽ നിന്നും പുറത്തു വരുന്നത് സ്വതന്ത്രമായ സൃഷ്ടികളല്ല.

അവശ്യം വേണ്ടത് പണയം വയ്ക്കാത്ത ധിഷണിയാണ്, സ്വതന്ത്രമായ ചിന്തയാണ്. അങ്ങനെയുള്ള സൃഷ്ടികൾക്കാണ് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത്.  

ഇന്ത്യയിൽ നിരോധിച്ച പുസ്തകങ്ങളുടെ പട്ടിക -

http://en.wikipedia.org/wiki/List_of_books_banned_in_India

ഇന്ത്യയിൽ നിരോധിച്ച സിനിമകളുടെ പട്ടിക

http://en.wikipedia.org/wiki/List_of_films_banned_in_India

പ്രാദേശികമായിട്ടെങ്കിലും നിരോധിക്കപ്പെട്ട കലാ സാംസ്കാരിക അവതരണങ്ങൾ എത്രയോ നമുക്ക് മുന്നിൽ ഉണ്ട്. പട്ടികയിലെ ഓരോന്നിന്റെയും ഉദ്ദേശം എന്താണെന്ന് എനിക്കറിയില്ല. മനുഷ്യനെ കുറച്ചു കൂടി നല്ല മനുഷ്യരാക്കാനുള്ളതായിരുന്നോ, മത-ജാതി-രാഷ്ട്രീയ-വ്യക്തി വൈരത്തിൽ നിന്നും ഊർജം ഉൾക്കൊണ്ടു മുളച്ചു പോന്തിയതാണോ എന്ന് എനിക്ക് നിശ്ചയമില്ല. ആവിഷ്കാര സ്വാതന്ത്ര്യ ത്തിനു വേണ്ടി മുറവിളി കൂട്ടുന്നവരിൽ, എത്ര പേർ ഈ പട്ടികകളിലെ എല്ലാത്തിനും സ്വാതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുമെന്ന് കണ്ടറിയണം.   P M ആന്റണി യുടെ 'ക്രിസ്തുവിന്റെ ആറാം തിരു മുറിവ് ' വന്നപ്പോൾ വേദനിച്ചവരും, ആ വേദന കണ്ടു സന്തോഷിച്ചവരും നമുക്കിടയിലുണ്ട്. അതുപോലെ സാൽമൻ റുഷ്ദി യുടെ 'The Satanic Verses' ന്റെ ഒരു മലയാള വിവര്ത്തനം ഇറങ്ങാതെ പോയത് , മലയാളത്തിൽ പുരോഗമന വാദികൾ ഇല്ലാത്തതു കൊണ്ടല്ല, വിവർത്തകർ ഇല്ലാത്തതു കൊണ്ടല്ല, പ്രസാധകർ ഇല്ലാത്തതു കൊണ്ടല്ല. വിപണി മാത്രമല്ല നമ്മെ ഭരിക്കുന്നത്‌, ഭയവും നമ്മെ ഭരിക്കുന്നു.   അടിക്കുറിപ്പ് :പുതിയ സിനിമ വരുന്നു; ടി പി 51. കാത്തിരിക്കാം ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ പുതിയ തേരോട്ടങ്ങൾക്കായി.

കവിത എന്തിന്?ആവിഷ്കരിക്കാൻ.എന്തും എങ്ങിനെയും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കുമ്പോൾ അതിനെ കവിത എന്നു വിളിക്കാൻ തോന്നുമോ?തോന്നാറില്ല. കഴിഞ്ഞ കുറെ ആഴ്ചകളിൽ മുഖ്യധാരാ മാധ്യമങ്ങളിൽ കവിത എന്ന തലക്കെട്ടിനു ചോട്ടിൽ വന്ന അക്ഷരകൂട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ സ്വയം ചോദിച്ചു പോയതാണ്. ഉറപ്പായും പലരുടെയും ഉത്തരം പലതായിരിക്കും. എല്ലാ അഭിപ്രായങ്ങളെയും മാനിക്കുന്നു. ഒറ്റ വരിയിൽ എഴുതി തീർക്കാവുന്ന അക്ഷര കൂട്ടങ്ങളെ മുറിച്ചു പല വരിയിലാക്കിയിരിക്കുന്നു. ഇതിനെ ആണോ കവിതയെന്നു വിളിക്കേണ്ടത് ?എഴുതിയതിന്റെ ആശയം എന്തെന്ന് പലതും വ്യക്തമാക്കുന്നില്ല. അവ്യക്തതയും ഗോപ്യവുമായിരിക്കുന്നതിനെയാണോ കവിതയെന്നു വിളിക്കേണ്ടത്? മാതൃഭൂമി (jan 26) യിൽ വന്ന പി പി രാമചന്ദ്രന്റെ കവിത പറയുന്നതും ഇതു തന്നെ. "വടക്കു കിഴക്കൻ കവികളുടെ വാമൊഴി കേൾക്കെ പക്ഷി സങ്കേതത്തിൽ ചെന്ന പോലെ അർഥ മറിയാ വാക്കുകൾ ..."

ആരണ്യാന്തരഗഹ്വരോദരതപ സ്ഥാനങ്ങളിൽ, സൈന്ധവോ-ദാരശ്യാമ മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളില്‍ ആരന്തര്‍മ്മുഖപ്രഞ്ചപരിണാ മോത്ഭിന്ന സർഗ്ഗക്രിയാ സാരം തേടിയലഞ്ഞൂ പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം . ആ മണ്‍മെത്തകളാറ്റു നോറ്റ മധുര സ്വപ്നങ്ങളില്‍ , ജീവിത-പ്രേമം പാടിയ സാമഗാനലഹരീ ഹര്‍ഷാഞ്ചിതാത്മാക്കളായ്,ഹാ, മന്വന്തരഭാവശില്പികളെനി ക്കെന്നേക്കുമായ് തന്നതാ-ണോമല്‍ കാര്‍ത്തിക നെയ്‌വിളക്കെരിയുമീ യേകാന്തയാഗാശ്രമം‌. നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌ വര്‍ഷിച്ച നാളില്‍ , ഗതോ-ന്മാദം‌ വിശ്വ പദാര്‍ത്ഥ ശാലയൊരിട ത്തൊന്നായ് തുടിച്ചീടവേആ ദാഹിച്ചു വിടര്‍ന്ന ജീവകലികാ ജാലങ്ങളില്‍ , കാലമേനീ ദര്‍ശിച്ച രസാനുഭൂതി പകരൂ മല്‍ പാന പാത്രങ്ങളില്‍ . ഓരോ ജീവകണത്തിനുള്ളിലുമുണര്‍ ന്നുദ്ദീപ്തമായ്, ധര്‍മ്മ സംസ്-കാരോപാസനശക്റിയായ്, ചിരതപ സങ്കല്‍പ്പ സങ്കേതമായ്,ഓരോ മാസ്മരലോകവുമുണ്ടതിലെനി ക്കെന്നന്തരാത്മാവിലെ-ത്തേരോടിക്കണ,മെന്റെ കാവ്യകലയെ ക്കൊണ്ടാകുവോളം വരെ! വാളല്ലെന്‍ സമരായുധം‌,ഝണഝണ ധ്വാനം മുഴക്കീടുവാ-നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ !താളം‌ രാഗലയശ്രുതിസ്വരമിവയ് ക്കല്ലാതെയൊന്നിന്നുമി-ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകി ല്ലെൻ പ്രേമതീർത്ഥങ്ങളില്‍ ! ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിന്‍ പൊന്‍ പൂക്കുല ചാർത്തു മായ് പ്രാണപ്രേയസി, കാവ്യകന്യ, കവിള ത്തൊന്നുമ്മ വച്ചീടവേവീണക്കമ്പികള്‍ മീട്ടി, മാനവമനോ രാജ്യങ്ങളില്‍ ചെന്നൂ ഞാന്‍ ;നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയേ പ്പാദസ്വരം നല്‍കുവാന്‍ കാടത്തത്തെ മനസ്സിലിട്ട കവിയായ് മാറ്റുന്ന വാല്മീകമു;ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി സ്സൂക്ഷിച്ച പൊന്നോലയും;കോടക്കാര്‍ന്നിര കൊണ്ടുവന്ന മനുജാത് മാവിന്റെ കണ്ണീരുമായ്മൂടല്‍ മഞ്ഞില്‍ മയങ്ങുമെന്നുമിവിടെ പ്പൂക്കും വന ജ്യോസ്നകള്‍ ! ഞാനിജ്ജാലക വാതിലിന്‍ ചെറുമുളന്തണ്ടില്‍ ഞൊറിഞ്ഞിട്ടതാ-ണീ നീല തുകില്‍ ശാരദേന്ദുകലയെ പ്പാവാട ചാർത്തിക്കുവാന്‍ ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി ക്കീറിപ്പറപ്പിച്ചുവോഞാനിസ്സര്‍ഗ്ഗതപസ്സമാധിയിലിരി ക്കുമ്പോള്‍ കൊടുങ്കാറ്റുകള്‍ കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ-ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേനാടന്ത:പ്രഹരങ്ങളേറ്റു കിടിലം കൊൾകെ , മുലപ്പാലുമായ്പാടം‌ നീന്തി വരുന്ന പൌര്ന്നമി , നിന ക്കാവട്ടെ ഗീതാഞ്ജലി.

മടുത്തുവോ നിങ്ങള്‍ക്ക്  ? വിചിത്ര കല്പ്പനകളുടെയും അതിശയോക്തികളുടെയും  അയഥാർത്ഥൄത്തിലും ,  അവിശ്വസനീയമായ  മാന്ത്രികതയുടെ ദൃശ്യ വിസ്മയങ്ങളിലും ഒരു തരം മടുപ്പു തോന്നിത്തുടങ്ങിയോ ?. നിത്യ ജീവിതത്തിലെ യാഥാർത്ഥൄ ങ്ങളില്‍ നിന്നുമുള്ള  ഒളിച്ചോട്ടങ്ങളാണ്   സിനിമയിലും പുസ്തകങ്ങളിലും നമ്മെ കൊണ്ടെത്തിക്കുന്നത് . മാന്ത്രികത ആസ്വാദ്യകരമാണ് , അതിഭാവുകത്വങ്ങള്‍ നമ്മെ തീര്‍ച്ചയായും രസിപ്പിക്കും, 'ഫാന്റസി ' സര്‍ഗാത്മകതയുടെ ബഹിര്‍സ്പുരണമാണ് . എങ്കിലും നമുക്കിതു മടുക്കുന്നുവെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമാണ് . പുസ്തകവും സിനിമയും കച്ചവടമാകുമ്പോള്‍ വിജയം വരിക്കുന്ന സമവാക്യങ്ങള്‍ അനേക തവണ ആവര്‍ത്തിക്കപ്പ്ടും. ആവര്‍ത്തനം വിരസതയിലേക്കുള്ള പ്രഥമ പാദമാണ് . 'ഡിജിറ്റല്‍ ആനിമേഷന്‍ ' വിടുക (സത്യത്തില്‍ നിന്നും എത്ര മാത്രം മാറി നില്‍ക്കാം എന്നതാണ് അതിന്റെ ലക്‌ഷ്യം എന്നു തോന്നിപപോകും ). സിനിമയില്‍ നമ്മുടെ നായകന്മാര്‍ എന്തൊക്കെ യാണ് കാട്ടിക്കൂട്ടുന്നത് . അസാധ്യമായതു മാത്രം ചെയ്യുന്ന മനുഷ്യ രൂപങ്ങള്‍ . ആദ്യമൊക്കെ ഇതൊരു ഹരമായിരുന്നു. സത്യത്തില്‍ എനിക്കു ബോറടിച്ചു. ഇതിലും ഭേദം ദൈനന്ദിന ജീവിതത്തിലെ കയറ്റിറക്കങ്ങളാണ്.

സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിക്കുക. കാല്‍ നൂറ്റാണ്ടിനു ശേഷം ഉറൂബിന്റെ 'രാച്ചിയമ്മ' വീണ്ടും വായിച്ചപ്പോള്‍ ആവര്‍ത്തനത്തിന്റെ വിരസതയല്ല തോന്നിയത് . മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായ 'രാച്ചിയമ്മയെ'  മികവുറ്റ താക്കുന്നതെന്താണ് ? രാച്ചിയമ്മ എന്ന ശക്തമായ കഥാപാത്രമോ? അതോ ജീവസ്സുറ്റ കഥാ  സന്ദര്‍ഭങ്ങളോ?. രണ്ടുമാകാം. കഥകളിഷ്ടപ്പെടുന്ന മലയാളികള്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ചെറുതല്ലാത്ത ചെറുകഥയാണ്  'രാച്ചിയമ്മ'. Download linkhttp://kattankaappi.org/pdf/raachiyamma.pdf

Page 1 of 2